തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ ഓണം ടൂറിസം വാരാഘോഷ വിളംബര പതാക ഘോഷയാത്രയ്ക്ക് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് തുടക്കമായി. കോവളം എംഎല്‍എ എം. വിന്‍സെന്റ് പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
എം.ആര്. ബൈജു എംഎൽഎ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന ഘോഷയാത്ര നാളെ കനകക്കുന്നിലാണ് സമാപിക്കുക. തുടര്‍ന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് കനകക്കുന്നില്‍ പതാക ഉയര്‍ത്തും. 24 ന് ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് തുടക്കമാകും.
ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ കോവളത്തെ ഓണാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം. വിന്‍സെന്റ് പറഞ്ഞു. അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമെന്ന നിലയില്‍ കോവളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തീരുമാനമാണിത്. ഓണാഘോഷത്തിന്റെ ഭാഗമായി കോവളത്ത് വയലാര്‍ ശരത്ചന്ദ്ര വര്‍മ നയിക്കുന്ന സംഗീത നിശ ഉള്‍പ്പെടെ രണ്ട് മെഗാ ഷോകളും നടക്കും. കോവളത്തിനടുത്തുള്ള വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, സിനിമാ ടൂറിസത്തിന്റെ ഭാഗമായി പ്രശസ്തമായ 'കിരീടം പാലം' എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ എം ആര്. ബൈജു എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ എസ്. സുധീര്‍ ഖാന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍. ജി എന്നിവര്‍ പങ്കെടുത്തു.
24 ന് ആരംഭിക്കുന്ന ഓണം വാരാഘോഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി .ഡി. സതീശന് ഉദ്ഘാടനം ചെയ്യും. 30 ന് ഉപരാഷ്ട്രപതി സി .പി. രാധാകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യുന്ന വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും.തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 വേദികളിലായി 3000 ത്തിലധികം കലാകാരന്മാര് പങ്കെടുക്കും.
.